Saturday, November 8, 2008

ഒരു ഇലപൊഴിയും കാലം...

ഇത് ബര്‍ലിങ്ടന്‍. ടൊറൊന്റോയില്‍ നിന്നും നയാഗ്രയ്ക്കുള്ള വഴിയിലൂടെ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ ബര്‍ലിങ്ടനായി.

ഇവിടെ ഇല പൊഴിയുംകാലം. ഇലകളെല്ലാം തവിട്ടും ചുവപ്പുമാക്കി മരങ്ങള്‍‍ക്കെല്ലാം ഒരു മനം മാറ്റം. പിന്നെ, ഇലകള്‍ കൊഴിച്ച് , ചില്ലകള്‍ മാത്രം ബാക്കി നിറുത്തി കാത്തുനില്‍പ്പ് ആരംഭിക്കുകയായി.‌ മഞ്ഞുകട്ടകളില്‍ മൂടി അഞ്ചു മാസത്തോളം തപസ്സാരംഭിക്കാനുള്ള ആദ്യ തയ്യാറെടുപ്പുകള്‍. അണ്ണാറക്കണ്ണന്മാരും, ഉണ്ണിക്കണ്ണന്മാരും (Chipmonks), കിളികളുമെല്ലാം ഉണങ്ങിയ പഴങ്ങളും പരിപ്പുകളുമെല്ലാം ശേഖരിച്ചു തുടങ്ങി, ഒരു അര്‍ദ്ധവര്‍ഷത്തേയ്ക്കുള്ള ശൈത്യകാലനിദ്രയ്ക്കായി..

ഇതെന്റെയും അലസമായൊരു 'ശൈത്യകാലനിദ്ര' തന്നെയായിരുന്നു. വിദേശനാണയവിനിമയക്കസര്‍ ‍ത്തുകള്‍ക്ക് അവധി കൊടുത്ത് ഉറക്കവും തീറ്റയുമായി കഴിഞ്ഞു പോയൊരു മാസം. അതിനിടെ ചില യാത്രകള്‍.‍ അഞ്ഞൂറ്റിഅമ്പതു്‌ കിലോമീറ്റര്‍ ദൂരെയുള്ള മോണ്‍ട്രിയല്‍ നഗരത്തിലേയ്ക്കു്‌. ആറോളം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികളും കെട്ടിടങ്ങളുമുള്ള , പഴയ ഒളിമ്പിക് നഗരം. ഇപ്പോള്‍ നഗരമദ്ധ്യത്തിലേയ്ക്കു്‌ വളരെയധികം ചൈനക്കാര്‍ കുടിയേറിയിരിക്കുന്നു. ഇതു്‌ മോണ്‍ ട്രിയലിന്റെ മാത്രം പ്രത്യേകതയല്ല. കാനഡയുടെ എല്ലാ നഗരങ്ങളിലും അവര്‍ അവരുടേതായ കൊച്ചു കൊച്ചു ഗ്രാമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.

1672 ല്‍ പണിത നോത്ര് ദാം പള്ളിയാണു്‌ പഴയ മോണ്‍ട്രിയല്‍ നഗരത്തിലെ ഏറ്റവും പ്രധാന കാഴ് ച്ച. 1824 ല്‍ ജെയിംസ് ഒഡോണല്‍ എന്ന ഐറിഷ് അമേരിക്കന്‍ പ്രൊട്ടെസ്റ്റന്റ് ,ന്യൂ യോര്‍ക്കില്‍ നിന്ന്‌ ഇവിടെയ്ക്കു്‌ പള്ളി പുതുക്കിപ്പണിയാന്‍ നിയമിതനായി. അദ്ദേഹം ഗോഥിക് നവോത്ഥാന വാസ്തുകലയില്‍ അഗ്രഗണ്യനായിരുന്നു. ഇപ്പോള്‍ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പള്ളിയും ഇതു തന്നെയാണ്‌. അവസാനകാലത്ത് കത്തോലിക്കനായ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥാനവും പള്ളിക്കുള്ളില്‍ തന്നെയാണു്‌.


നോത്ര് ദാം ബസിലിക്കയുടെ അള്‍ത്താര

ബാങ്ക് ഓഫ് മോണ്‍ട്രിയലിന്റെ തലസ്ഥാനത്തുള്ള മ്യൂസിയത്തിലെ കാഴ്ച്ചകള്‍ അങ്ങേയറ്റം രസകരങ്ങളായിരുന്നു. 1817 ല്‍ സ്ഥാപിക്കപ്പെട്ട ബാങ്കോഫ് മോണ്‍ട്രിയല്‍ രാജ്യത്തെ ഏറ്റവും പഴയ ബാങ്കിംഗ് സ്ഥാപനമാണു്‌. ‍18 -19 നൂറ്റാണ്ടുകളിലെ നാണയങ്ങള്‍, ബാങ്ക് നോട്ടുകള്‍, രേഖകള്‍, ടൈപ്പ് റൈറ്റര്‍, ലെജ്ജറുകള്‍, തൂലിക, മഷിക്കുപ്പി, പ്രോമിസ്സറി നോട്ടുകള്‍.... അങ്ങനെ പലതും ഞങ്ങള്‍ക്ക് അത്ഭുതങ്ങളായി.


മടങ്ങിയ വഴിയില്‍ 'ആയിരം ദ്വീപുകളു'ടെ കവാടത്തില്‍ ഒരു മണിക്കൂര്‍. ഇവിടെ സെയിന്റ് ലോറന്‍സ് നദി അമേരിക്കന്‍ ഐക്യനാടുകളുടെ അതിര്‍‍ത്തിയാണു്. ഒണ്‍ടേറിയോയുടെയും ന്യൂയോര്‍ ക്കിന്റേയുമായുള്ള, 40 ചതുരശ്ര മൈല്‍ മുതല്‍ വിസ്തീര്‍ണ്ണമുള്ള 1793-ഓളം ദ്വീപുകള്‍. വര്‍ഷം മുഴുവന്‍ ജലോപരിതലത്തിനു മുകളില്‍ കാണുന്ന ഒരു മരമെങ്കിലും ഉള്ളവയെ മാത്രമേ ഇവിടെ ദ്വീപായി പരിഗണിച്ചിട്ടുള്ളു. അവിടുത്തെ യു.എസ്.ദ്വീപുകളിലിറങ്ങാന്‍ വീസ വേണ്ടിയിരുന്നതിനാല്‍ ഞങ്ങള്‍ പോയില്ല.

സിംകോ തടാകവും ജോര്‍ജീനാ ദ്വീപും

പിന്നെയൊരു ദിനം വെര്‍ജീനിയയും കടന്നു്‌ ജോര്‍ജീന ദ്വീപില്‍ , രണ്ടു പകലും ഒരു രാത്രിയും. ഞങ്ങളുടെ കുടുംബത്തോടോപ്പം അശോകനും സരിതയും അവരുടെ മകന്‍ ‍സിദ്ധുവും, ഗീതയും മക്കളായ അനിരുദ്ധും പൊന്നിയും, പിന്നെ ടോണിയും. സിംകോ തടാകത്തിലാണു്‌ ജോര്‍ജീന.‌ ഒണ്‍ ടേറിയോയിലെ പന്ത്രണ്ടാമത്തെ വലിയ തടാകമാണു്‌ സിംകോ. മുപ്പതു കി.മീ. നീളവും ഇരുപത്തഞ്ചു കി. മീ. വീതിയുമുള്ള സിംകോ ഒരു ശുദ്ധജലതടാകമാണു്‌. 1793 ല്‍ അപ്പര്‍ കാനഡയുടെ ലെഫ്. ഗവര്‍ണ്ണര്‍ ജോണ്‍ ഗ്രെയ് വ്‌ സ്‌ സിംകോയാണ്‌ അദ്ദേഹത്തിന്റെ പിതാവിന്റെ പേരില്‍ ഈ തടാകത്തിന്റെ പേരു മാറ്റിയത്. തോറാ, സ്ട്രോബറി, സ്നേക്, ഫോക്സ് എന്നീ ദ്വീപുകളും സിംകോയിലുണ്ട്. ഇവിടുത്തെ ആദിമജനതയുടെ 200 പേര്‍ മാത്രമുള്ള സ്ഥലമാണ്‌ സിംകോ.

അവിടുത്തെ ആകെയുള്ള പലചരക്കുവ്യാപാരിയാണ്‌ പീറ്റ്‌ എന്ന പീറ്റര്‍. ഭാര്യ ബെക്കി, പീറ്റിനെക്കാള്‍ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കും. കൗബോയ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന പീറ്റിനു ചന്തു പേരിട്ടു - 'കള്ളുപത്രോസ് '.അവര്‍ ഞങ്ങള്‍ക്കു്‌, അവിടെ നിന്നു സാധനങ്ങള്‍ വാങ്ങിയതിനു പാരിതോഷികമായി , അവരുടെ വീട്ടിലുണ്ടാക്കിയ വീഞ്ഞു്‌ തന്നു. പകരം ഞങ്ങളുണ്ടാക്കിയ ഇന്ത്യന്‍ ഭക്ഷണം ഞങ്ങള്‍ അവരുടെ വീട്ടിലെത്തിച്ചു കൊടുത്തു. മടക്കയാത്രയില്‍ ഫെറി നേരത്തെ തയ്യാറെടുത്തു നിന്നിരുന്നതിനാല്‍ അവരോടു്‌ യാത്ര പറയാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. ഈ അമേരിക്കന്‍ ആദിവാസിദമ്പതികളുടെ സ്നേഹാദരങ്ങള്‍ക്കു പാത്രമാവാന്‍ കഴിഞ്ഞതിന്റെ അമിതാഹ്ലാദത്തിലായിരുന്നു, സുജാത. ‍

വാട്ടര്‍ സ്കിഡോയിലും സ്പീഡ് ബോട്ടിലുമൊക്കെയായി കുട്ടികളെല്ലാം ദിവസം മുഴുവന്‍ തടാകത്തില്‍ത്തന്നെയായിരുന്നു. പിന്നെ, വൈകിട്ടു്‌ കുറച്ചു്‌ സൈക്കിള്‍ യാത്ര. മുയലുകളും, കാട്ടുതാറാവുകളും, അണ്ണാറക്കണ്ണന്മാരും ഞങ്ങളുടെയിടയിലേക്കു്‌ ഭീതിരഹിതമായി കടന്നുവന്നു. ആരും ഉപദ്രവിക്കാത്തതിനാല്‍, പഴയ തലമുറ പുതിയവയെ മനുഷ്യര്‍ സുഹൃത്തുക്കളാണെന്നു്‌ പഠിപ്പിച്ചിരിക്കുന്നു എന്നു വിശ്വസിക്കാനാണു്‌ എനിക്കു തോന്നിയത്. രാത്രിയില്‍ 'റക്കൂണ്‍' എന്ന പെരുച്ചാഴികള്‍ ഞങ്ങളെ വന്നെത്തി നോക്കി.

ഞങ്ങള്‍ മടങ്ങുകയായിരുന്നു.

പെയറുകളും, ആപ്പിളുകളും കായ്ച്ചു കിടക്കുന്ന വഴിയോരങ്ങള്‍! 'ഫാള്‍ സീസണ്‍' ഇവിടെ ഉത്സവകാലമാണു്‌. മഞ്ഞുപുതച്ച് ഉറങ്ങാന്‍ പോകുന്ന കാലത്തിനായുള്ള, പ്രകൃതിയുടെ തയ്യാറെടുപ്പുകള്‍.‍

(ചിത്രങ്ങള്‍ : ടോണി ജെയ്‌ക്കബ് /സുരേഷ്‌ നെല്ലിക്കോട്‌)

Monday, November 3, 2008

പൂച്ചയ്ക്കും പ്രാണവേദന...


കുട്ടിക്കാലത്ത് ഒരു പൂച്ച. അമ്മയോട് എത്ര കെഞ്ചിയതാണു്‌! നടന്നില്ല.

കഴിഞ്ഞ അവധിക്കാലത്ത്‌ ദേവയാനി പ്രസവിച്ചു. നാലു കുട്ടികള്‍. നല്ല പാണ്ടന്മാരും പാണ്ടിക്കുടുക്കകളുമായി അവരങ്ങനെ തിരിഞ്ഞും മറിഞ്ഞും കളിച്ചു. പടിപ്പുരയുടെ വരാന്തയില്‍ പഴയ സമ്മന്തക്കാരന്റെ ധാര്‍ഷ്ട്യങ്ങളുമായി കചന്‍. ദേവയാനിയുടെ മാര്‍‍ജ്ജാരകിശോരന്യായങ്ങളില്‍ അസ്വസ്ഥനായി അവന്‍ ഇടയ്ക്കിടെ നാലുകാലില്‍ വലിഞ്ഞു നിവര്‍ന്നു കോട്ടുവായിട്ടു.
പിന്നെ, കിട്ടിയ തക്കത്തില്‍ ഓരോന്നോരോന്നായി മക്കളെ നാലിനേയും അവന്‍ പൊക്കിയെടുത്തു ശാപ്പിട്ടു. പിന്നെ ദേവയാനിക്കു ഡിവോഴ്സ് നോട്ടീസും.
ആ കരച്ചിലില്ലേ? പുത്രദു:ഖത്താല്‍ ജന്മാന്തരങ്ങളെ കുലുക്കിയ മാര്‍ജ്ജാരീവിലാപം! ആരേയും ആര്‍ദ്രനയനരാക്കുമായിരുന്നു അത്.

ദേവയാനിക്കു വേണ്ടി അമ്മ, കചനെത്തേടി വടിയുമായി കാത്തിരുന്നു. കൊല്ലാനൊന്നുമല്ല. "അവനിത്തിരി വേദന അറിയണം, അത്രയോള്ളു"

കചന്‍ നാടു വിട്ടെന്നു കേള്‍വി.

പിന്നെ, അവന്‍ അവളുടെ കൊടും ശാപത്തിന്റെ സപ്തസിന്ധുക്കളില്‍ ശ്വാസം മുട്ടി മുങ്ങിത്താഴ്ന്നതായി ഞങ്ങള്‍ സ്വപ്നം കണ്ടു സമാധാനിച്ചു.

(ഞങ്ങളുടെ പങ്കനും പങ്കിയുമാണ്‌ (കോട്ടയം വാഹനവകുപ്പാപ്പീസിലെ ഉമാശങ്കറും ചേര്‍ ത്തലയിലുള്ള രാജേശ്വരി കര്‍ത്തായും) സകല കാക്കയ്ക്കും, പൂച്ചയ്ക്കും, നാട്ടുകാര്‍ക്കുമെല്ലാം അവിസ്മരണീയങ്ങളായ പേരുകളിട്ടിരുന്നത് !)‌ ‍

//രാം മോഹന്‍ പാലിയത്തിന്റെ 'മ്യാവൂ'വിനു്‌ അനുബന്ധകമാണിതു്‌.//

എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്...

നഗരഘോഷകൻ