Thursday, December 20, 2007

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

-സുരേഷ് നെല്ലിക്കോട്‌ഒരു ബുധനാഴ്ച സായാഹ്നം. രാജേന്ദ്ര മേത്ത വിശ്രമിക്കുകയായിരുന്നു. അന്നു്‌ വൈകിട്ടു്‌ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഗസല്‍ സദസ്സിലേക്കുള്ള തയ്യാറെടുപ്പായിരുന്നു, അതുവരെ.

.......ഭാരതം വിഭജിക്കപ്പെടുകയായിരുന്നു. ഒന്‍പതു വയസ്സുകാരന്റെ അത്ഭുതങ്ങളുമായി, വിഹ്വലതകളുമായി അദ്ദേഹം വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്കു് ഓര്‍മ്മയുടെ കുളമ്പടികളില്‍ സഞ്ചരിക്കുകയായിരുന്നു. അദ്ദേഹം പാടി.

യാദോം കാ ഏക് ഝോംകാ ആയാഹംസേ മില്‍നേ ബര്‍സോം ബാദ്‌..

" അമ്പത്തൊന്ന് വര്‍ഷങ്ങള്‍.. എല്ലാം ഇന്നലെയെന്നപോല്‍ ഞാന്‍ ഓര്‍മ്മിക്കുന്നു.‌ നടുക്കുന്ന ഓര്‍മ്മകള്‍! ഒരു രാത്രി പുലരുമ്പോഴേയ്ക്കും സുഹൃത്തുക്കള്‍ ശത്രുക്കളായി. എന്നിട്ടും, എവിടെയോ നേര്‍ത്ത തേങ്ങലുകളുമായി ജാതിക്കും മതത്തിനുമപ്പുറം സഹായഹസ്തങ്ങളുമായി ആരൊക്കെയോ ചിലര്‍! എത്രയോ മൃതശരീരങ്ങള്‍! ചത്തും കൊന്നും നാം വിഭജിക്കപ്പെടുകയായിരുന്നു."

ഊതനിറത്തിലുള്ള കണ്ണടയ്ക്കുള്ളിലൂടെ, അതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് എനിക്കു കാണാമായിരുന്നു. അല്പമകലെ നീനാ മേത്ത. ഒരു നിഴല്‍ പോലെ രാജേന്ദ്രയെ പിന്തുടരുന്ന ജീവിതസഖി. നീനയില്ലാതെ ഇപ്പോള്‍ രാജേന്ദ്രയില്ല.

ലാഹോറിലെ ബാല്യം. പൊടുന്നനെ വിധിയുടെ ക്രൂരത. ഒമ്പതുവയസ്സില്‍ ജീവിതപ്രാരബ്ധങ്ങളിലേയ്ക്കു വീണ രാജേന്ദ്ര. സന്ത്രാസങ്ങളുടെ കൊടുങ്കാറ്റില്‍ അച്ഛനെ തിരിച്ചു കിട്ടിയതുപോലും ഒരു ഭാഗ്യമായി കരുതുന്നു, രാജേന്ദ്ര.

രാജേന്ദ്ര മേത്തയും നീനാ മേത്തയും. ഇന്ന് അവരുടെ ശ്വാസവേഗങ്ങളില്‍പ്പോലും ഗസലിന്റെ ഈരടികളാണ്‌.

ആസ്വാദനത്തിന്റെ പാരമ്യങ്ങളിലെവിടെയോ ഗസലുകളുടെ വഴി തെറ്റുന്നു.‍ ശുദ്ധസംഗീതത്തിന്റെ സപ്തസിന്ധുക്കളിലെവിടെയോ ഒന്നില്‍ മദ്യം കുത്തിയൊഴുകി. അനശ്വരപ്രേമവും, കാമുകിയുടെ നിസ്സംഗതയും, ഗതകാലനഷ്ടബോധങ്ങളും, അത്ഭുതങ്ങളും വിഹ്വലതകളും നിറഞ്ഞ കുട്ടിക്കാലവും വിട്ട്` ഗസല്‍ സുരോദങ്ങളിലേക്കൊഴുകി. മദ്യത്തിന്റെ മാസ്മരികലോകം.

ആരൊക്കെയോ പാടി.

"ശരാബ് ഇത് നീ ശരീഫാനാ ചീസ് ഹേ...."

എന്നിട്ടും 'മേത്താസ്' (ഗസല്‍ ലോകത്ത് 'മ്യൂസിക്കല്‍ മേത്താസ്' എന്നാണ്‌ ഇവര്‍ അറിയപ്പെടുന്നതു്‌)മദ്യത്തെക്കുറിച്ചു പാടിയില്ല. "അതൊരു സംക്രമമായിരുന്നു. ഒരു ദശാന്തര പ്രാപ്തി. കാലത്തിന്റെ ഗതിവിഗതികളില്‍ ഏതൊരു കലയ്ക്കും നേരിടേണ്ടി വന്ന അപചയം ആയിരുന്നു, അത്." രാജേന്ദ്ര പറഞ്ഞു.

ആറുപതുകളുടെ മദ്ധ്യം.ബോംബെയിലെ ആകാശവാണിയില്‍ വച്ചു്‌ രണ്ടുപേര്‍ കണ്ടുമുട്ടുന്നു. രാജേന്ദ്രയും നീനയും. സുഖസൗഭാഗ്യങ്ങളുടെ നടുവില്‍ വളര്‍ന്ന, ഗുജറാത്തി വ്യവസായിയുടെ മകള്‍ - നീന.‍ വിഭജനത്തിന്റെ വിഹ്വലതകളില്‍ സ്വാസ്ഥ്യം നഷ്ടപ്പെട്ട നിസ്വനായ രാജേന്ദ്ര. പിന്നെ എതിര്‍- പ്പു‍കളായി. തടസ്സങ്ങളായി. അവസാനം പ്രേമം വിജയിച്ചു. അവര്‍ വിവാഹിതരായി.

ആദ്യനാളുകള്‍ പരീക്ഷണങ്ങളുടേതായിരുന്നു. ദിവസങ്ങളെ മണിക്കൂറുകള്‍ കൊണ്ട് അളക്കാന്‍ പറ്റാത്തത്ര തിരക്ക്. ഇരുപത്തിനാലു മണിക്കൂറില്‍ ഇരുപതും സംഗീതത്തിനായി ഉഴിഞ്ഞു വച്ച നാളുകള്‍. താമസം ഒരു മുസ്ലീം കുടുംബത്തോടൊപ്പം. ഒരു കുളിമുറി പോലും സ്വന്തമായിട്ടില്ലാത്ത ഒരു സാധു കുടുംബം. തീവ്രപരിശ്രമത്തിന്റെ ഗതിവേഗങ്ങളിലെവിടെയോ , വേദികളിലൊരുമിച്ചു്‌ ഗസലുകള്‍ പാടുന്ന ദമ്പതികളെ ജനം സംശയദൃഷ്ടിയോടെ വീക്ഷിച്ചു. പ്രണയസംഗീതത്തിന്റെ ശീലുകള്‍ അതുവരെ പുരുഷനു മാത്രമായിരുന്നല്ലോ? അത്തരം വേദികളില്‍ യുഗ്മഗാനങ്ങളുമായി രാജനും (അടുത്ത സുഹൃത്തുക്കള്‍ രാജേന്ദ്രയെ വിളിക്കുന്നതങ്ങനെയാണു്‌) നീനയും പ്രത്യക്ഷപ്പെടുമ്പോള്‍ യാഥാസ്ഥിതിക ഖരാനകള്‍ (conservative schools) നെറ്റി ചുളിച്ചു. അവര്‍ വരച്ച വരകള്‍ക്കപ്പുറം കടന്നു്‌ രാജേന്ദ്രയും നീനയും ആരാധകരെ സൃഷ്ടിച്ചു. അങ്ങനെ അനശ്വരപ്രേമത്തിന്റെ ആത്യന്തികവിജയം കൊടികയറി.

പ്രണയപാപത്തിന്റെ തിരകള്‍ അടിച്ചലിഞ്ഞു്‌ ശാന്തമാകുന്ന സായാഹ്നങ്ങള്‍! 'മേത്തകള്‍' അംഗീകരിക്കപ്പെടുകയായി. ഉപഭൂഖണ്ഡത്തില്‍ ആദ്യത്തെ ഗസല്‍‍ദമ്പതികള്‍ ജ്ഞാനസ്നാനം ചെയ്യപ്പെടുന്നു. നീണ്ട സംഗീത സപര്യയിലൂടെ, ത്യാഗങ്ങളിലൂടെസ്വന്തം തിരിച്ചറിവിന്റെ പാതകള്‍ തെരഞ്ഞെടുത്ത മേത്തകള്‍ എല്ലായിടത്തും അംഗീകാരത്തിന്റെ സ്നേഹമുദ്രകള്‍ എറ്റുവാങ്ങി. എല്ലാ സമരങ്ങളും വിജയത്തിലേക്കെന്നു പറഞ്ഞ ഏതോ പഴമൊഴി ഒരിക്കല്‍ കൂടി സാര്‍ത്‍ഥകമായി.

"ഹുസ്ന്‌ പര്‍ ജബ് കഭി ശബാബ് ആയാസാരി ദുനിയാ മേ ഇങ്കിലാബ് ആയാമേരാ ഖത് ഹി ജോ തൂനേ ലോട്ടായാലോഗ് സമഝെ തേരാ ജവാബ് ആയാ..."

(യുവത്വത്തിന്റെ വര്‍‍ണഭംഗി. ഈ ലോകം തന്നെ മാറുകയായിരുന്നു. നീ മടക്കിയ എന്റെ ഓരോ കത്തും നിന്റെ മറുകുറിപ്പുകളാണെന്നാണു്‌ ജനം കരുതിയത്‌)

രാജേന്ദ്രയും നീനയും പാടുകയാണ്‌. ആ ഒരു പാട്ടിനു ശേഷം രാജേന്ദ്ര, സദസ്സിനു്‌ കൂട്ടുകാരെ പരിചയപ്പെടുത്തി.
ഹാര്‍മോണിയം : സംഗീതലോകത്തു് ഖ്യാതിയുടെ ഗിരിശൃംഗങ്ങളിലെത്തിയ, ജയ് പൂര്‍ ഘരാനയിലെ ശങ്കര്‍ ശംഭുജിയുടെ പുത്രന്‍ പ്രദീപ് പണ്ഡിറ്റ്.
ഗിറ്റാര്‍ : ഗസല്‍ വേദിയില്‍ കൃതഹസ്തനായ മഹേന്ദ്രസിംഗിന്റെ പുത്രന്‍ വസീര്‍ ചിന്തു സിംഗ്.
തബല :‍ ആശിസ്സ് ഝാ.

ഗസലിന്റെ ലാക്ഷണികഗുണങ്ങള്‍ സോദാഹരണം സമര്‍ത്ഥിച്ച രാജേന്ദ്ര, അതിര്‍‍ത്തികളും വേലിക്കെട്ടുകളുമില്ലാത്ത ഗസല്‍ കുടുംബങ്ങളെ ഞങ്ങള്‍ ശ്രോതാക്കള്‍‍ക്കായി പരിചയപ്പെടുത്തി. മൂല്യച്യുതികള്‍‍ക്കെതിരേ അദ്ദേഹം രോഷം കൊണ്ടു. അന്യായങ്ങള്‍‍ക്കെതിരേ ശക്തിയുക്തം വാദിച്ചു.

1952 ല്‍ ആദ്യമായി തലത് മഹ് മൂദിനെ കേള്‍ക്കുമ്പോള്‍ മുതല്‍ അദ്ദേഹം തലതിന്റെ ആരാധകനാകുകയായിരുന്നു. (ഗസലിന്റെ അളന്നു കുറിക്കപ്പെട്ട ചുറ്റുവട്ടങ്ങളില്‍ ഒരു പ്രലോഭനത്തിനും വശംവദനാകാതെ അവസാനം വരെ നടന്നു നീങ്ങിയ വൈയാകരണനായിരുന്നു, തലത് മഹ് മൂദ്) തലത്തിന്റെ മരണത്തിനു്‌ എതാനും ദിവസം മുമ്പു്‌ പോലും അദ്ദേഹത്തെ കണ്ടിരുന്ന കാര്യം രാജേന്ദ്ര പറഞ്ഞു. ഇരുപതു ദിനങ്ങള്‍ ആശുപത്രിയുടെതീവ്രപരിചരണ വിഭാഗത്തില്‍. ഹിന്ദി സിനിമയ്ക്കു വേണ്ടി ജീവിതത്തിന്റെ നല്ല കാലം മാറ്റി വച്ച തലത് മഹ് മൂദിനെ കാണാന്‍ സിനിമാസാമ്രാജ്യത്തിന്റെ തലപ്പത്തു നിന്നു്‌ ആരും വന്നില്ല. വിരലുകളിലെണ്ണാന്‍ ‍പാകത്തിനു്‌ ഏതാനും ഗസല്‍ പ്രേമികള്‍ മാത്രം! പൊടുന്നനെ മരണം. മരണത്തിനു ശേഷം ഹിന്ദി സിനിമാലോകത്തിന്‌ തലത്‌ പതിവുപോലെ 'നികത്താനാവാത്ത വിടവും' 'തീരാനഷ്ട'വുമായി. ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞുനോക്കപ്പെടാത്ത തലതിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ പിന്നീട്‌ 'ആദരാഞ്‌ജലി'കളുമായി ആഴ്ച്ചയില്‍ മൂന്നും നാലും സംഗീതസദസ്സുകള്‍. രാജേന്ദ്രയുടെ കണ്ണുകള്‍ നിറയുന്നതും, വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നതും ഞങ്ങള്‍ക്കു കാണാമായിരുന്നു. തലതിന്റെ വേര്‍പാട്‌ രാജേന്ദ്രയെ സംബന്ധിച്ചിടത്തോളം ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെ അഭാവമായി.
ഇടയ്ക്കു്‌ ഖുലി കുതുബ് ഷായും മിര്‍സാ ഗാലിബും‌ ഞങ്ങളിലേക്കിറങ്ങി വന്നു.

ലഗ് താ നഹീ ഹേ ദില്‍ മേരാ ഉജഡേ ദയാര്‍ മേ
കിസ് കീ ബനീ ഹേ ആലം മേ ലാ പായ് ദാ
കിത് നാ ഹേ ബദ് നസീബ് സഫര്‍ ദഫ്ന്‍ കേ ലിയേ...

ബഹദൂര്‍ ഷാ സഫറിന്റെ ഓര്‍‍മ്മകള്‍ക്ക് രാജേന്ദ്ര ജീവന്‍ നല്‍കുകയായിരുന്നു. കരുത്തനായ ഒരു സ്വാതന്ത്ര്യസമരയോദ്ധാവിനു അന്ത്യവിശ്രമത്തിനു്‌ രണ്ടു ഗജം ഭൂമി പോലും കൊടുക്കാന്‍ പോലും നമുക്കു കഴിഞ്ഞില്ല.

കിത് നാ ഹേ ബദ്ന‍സീബ് സഫര്‍ ദഫ്ന്‍ കേലിയേ
ഉന്‍ കേലിയേ ദോ ഗസ് സമീന്‍ ഭി ന മിലി കുവെയാര്‍ കേലിയേ..

വര്‍ഷങ്ങള്‍ക്കു ശേഷം അബുദാബിക്കു്‌ വീണു കിട്ടുന്ന ഗസല്‍ സദസ്സ്. പാക്കിസ്ഥാനികളും, ബംഗ്ലദേശികളും, ഭാരതീയരുമടങ്ങുന്ന ശ്രോതാക്കള്‍. രാജേന്ദ്രയും നീനയും അവരുടെ മനസ്സുകള്‍ കവര്‍ന്നെടുക്കുകയായിരുന്നു. വേദിയുടെ ഉയരങ്ങളില്‍ നിന്നു്‌ ശ്രോതാക്കളുടെ ഓര്‍മ്മയുടെ ചെപ്പുകളിലേയ്ക്കു്‌ ഉച്ചനീചത്വങ്ങളില്ലാതെ അനായാസേന സംഗീതം. ജാതിയും മതവും വിശ്വാസവും വഴി തിരിക്കാത്ത നന്മയുടെ പൂക്കളുമായി പരസ്പരം എതിരേറ്റു നില്‍ക്കുന്ന അയല്‍ക്കാര്‍. അവരില്‍ പലര്‍ക്കും ഒരു ഉണ്മയായി ബാക്കി നില്‍ക്കുന്ന ലാഹോറിലെ ബാല്യം. ഇവിടെ സംഗീതത്തിനു മുമ്പില്‍ ഭാരതീയനും പാക്കിസ്ഥാനിയും ആലിംഗനബദ്ധരാകുന്നു. ഒറ്റയ്ക്കൊറ്റയ്ക്കു് ആര്‍ക്കും ഈ വൈരം വേണ്ട. നാം പിരിഞ്ഞത്‌ ഒരേ കുടുംബത്തില്‍ നിന്നാണെന്നുള്ള ഞെട്ടിപ്പിക്കുന്ന ചരിത്രസത്യത്തിനു മുമ്പില്‍ എത്രയോ 'മുശായിര'കളില്‍ ഹിന്ദുസ്ഥാനിയും പാക്കിസ്ഥാനിയും നമ്രശിരസ്കരായി നിന്നിട്ടുണ്ട്‌, ഇവിടെ.

മേ ആപ് അപ് നീ തലാശ്‌ മേം ഹൂംമേരാ കോയി രഹനുമാ നഹി ഹേ.

ഞാന്‍ എന്നെത്തന്നെ അന്വേഷിക്കുകയാണ്‌, ഒരു വഴികാട്ടി പോലുമില്ലാതെ....രാജേന്ദ്ര പാടുകയായിരുന്നു.

സുദര്‍ശന്‍ ഫക്കീറും, മുംതാസ് റാഷിദും, മുറാദ് ലക്‌ നൗവിയും ‍ചിരാഗ് ജയ് പുരിയും, ജാന്‍ നിസാര്‍ അക് തറും, സഫാര്‍ ഗോരഖ് പുരിയും, ഗോവിന്ദ് പ്രസാദും നിറയുന്ന ജനഹൃദയങ്ങളില്‍ രാജ്യങ്ങളുടെയോ ഭാഷയുടെയോ വിശ്വാസങ്ങളുടെയോ അതിര്‍ വരമ്പുകളില്ലായിരുന്നു. പച്ചയായ മനുഷ്യരുടെ അനുകമ്പയുടെയും അനുമോദനത്തിന്റെയും മാത്രമായ ഭാഷയ്ക്ക്‌ വിശ്വാസസംഹിതകള്‍ തടസ്സമായില്ല.

പഴയകാലത്തെ പ്രോഗ്രെസ്സീവ് റൈറ്റേര്‍സ് മൂവ്മെന്റ്. രാജേന്ദ്ര ഓര്‍മ്മകളിലേക്കു്‌ ഊളിയിട്ടു. സര്‍ദാര്‍ ജാഫ് റിയും, ഡോ. ഇക് ബാലും, ഫൈസ് അഹ് മദ് ഫൈസും, സഹീര്‍ ലുധ് യാന്‍വിയും ജോശ് അലഹബാദിയും കൂടിച്ചേരുന്ന ഒരു സാമ്രാജ്യത്തിലേയ്ക്കു്‌. സംഗീതത്തിന്റെ അനന്ത വിസ് മയങ്ങളിലേയ്ക്കു്‌. അതൊരു പഴയ കഥ.
ഇന്നു്‌,

ഈദും, ദീവാളിയും, ഹോളിയുമെല്ലാം പോലീസ് വലയത്തിനുള്ളിലാവുന്നു. നാമമാത്രമായി ആഘോഷങ്ങള്‍ എരിഞ്ഞു തീരുന്നു. ഭൗതികനേട്ടങ്ങള്‍‍ക്കായി നാം വിറളി പിടിച്ചോടുന്നു. ഞാന്‍ - എന്റെ കുടുംബം - എന്റെ ബന്ധുക്കള്‍; അതുമാത്രമായി നമ്മുടെ ചിന്തകള്‍. അങ്ങനെ സുഹൃദ് വലയങ്ങളില്‍ വിള്ളലുകലുണ്ടാവുന്നു.
രാജേന്ദ്ര വീണ്ടും പാടി.

പൈസേ സെ ബിസ്തര്‍ ഖരീദ് സക് തേ .. പര്‍ നീംദ് നഹീമകാന്‍ ഖരീദ് സക് തേ... പര്‍ ഘര്‍ നഹീ.....

(പണം കൊണ്ട് കിടക്ക വാങ്ങാം. പക്ഷേ ഉറക്കം വാങ്ങാന്‍ കഴിയുമൊ?കെട്ടിടങ്ങളുണ്ടാക്കാം... പക്ഷേ വീടോ?)


ഇതു്‌ രാജേന്ദ്രയ്ക്കു്‌ ഗസല്‍ സദസ്സുകളുടെ അമ്പതാം വര്‍ഷം. ഗസലുകളും പഞ്ചാബി സംഗീതവുമായി ഇരുപത്തഞ്ചോളം ആല്‍‍ബങ്ങള്‍. ആദ്യം ആകാശ് വാണിയില്‍. പിന്നെ ടെലിവിഷനില്‍.
എണ്‍‍പത്തഞ്ചില്‍ സാംബിയയിലെ ഒരു ഗസല്‍ വേദി. അതിലെ കേള്‍വിക്കാരനായിരുന്ന കെന്നത്ത് കൗണ്ടയില്‍ നിന്നൊരു ക്ഷണം. മന്ത്രിസഭാംഗങ്ങള്‍ക്കു വേണ്ടി ഒരിക്കല്‍ കൂടി പാടാന്‍. അറുപതുകളില്‍ നമ്മുടെ മുറിവേറ്റ പടയാളികള്‍ക്കായി സാന്ത്വനത്തിന്റെ അലൗകിക സംഗീതം. തൊണ്ണൂറ്റേഴില്‍ തിളച്കു മറിഞ്ഞ കാഷ്മീര്‍ താഴ്വരകളില്‍ സമാധാനത്തിന്റെ സംഗീതവുമായി രാജേന്ദ്ര- നീന ദമ്പതികള്‍ കടന്നു ചെന്നു. അതിനിടെ പലപ്പോഴായി റെഡ് ക്രോസ് സൊസൈറ്റിക്കും, വികലാംഗര്‍ക്കും, അന്ധര്‍ക്കുമായി പലയിടങ്ങളില്‍ അവര്‍ പാടി.

ഖീരത് കാ നാം ജുനൂന്‍ കി കിത്താബ് മേ ന ലിഖോ
കിസ്സീ കാ ജുറ്ഉം കിസ്സീ കാ ഹിസാബ് മേ ന ലിഖിയേ
ഔര്‍ കലം ലഹൂം മെ ഡുബോകര്‍ ലിഖ് നാ
മഗര്‍ കലം കൊ ശരാബ് മേ ഡുബോകര്‍ ന ലിഖോ.....

തൂലിക രക്തത്തില്‍ മുക്കി എഴുതിയ വരികളാണിവ. അവയ്ക്കിടയില്‍, തൂലിക മദ്യത്തില്‍ മുക്കി എഴുതാതിരിക്കാന്‍ ഒരോര്‍മ്മിപ്പിക്കലും!

യൂം ദേഖിയേ തോ ആന്ധീ മേ ബസ് ഏക് ശജര്‍ ഗയാലേകിന്‍ ന ജാനേ കിത് നേ പരിന്തോം കാ ഘര്‍ ഗയാ.

(നോക്കൂ, കൊടുംകാറ്റില്‍ ഒരു വൃക്ഷം മാത്രമേ വീണിട്ടുള്ളൂ. പക്ഷേ, ആര്‍ക്കറിയാം എത്ര പക്ഷികളുടെ വീടുകളാണ്‌ നഷ്ടമായതെന്നു്‌ ?)

ഇടയ്ക്കിടെ രാജേന്ദ്ര തമാശകള്‍ പറഞ്ഞു. അതില്‍ വേദനയുടെ മുള്ളുകള്‍ കോര്‍ത്തവയുമുണ്ടായിരുന്നു.
അങ്ങനെ, അവരുടെ ഏറ്റവും പ്രശസ്തമായ ഗാനത്തിലേയ്ക്കു്‌....

ജബ് ആംചല്‍ രാത് കി ലഹരായേം ഓര്‍സാരാ ആലം സോ ജായേ, തും മുഝ്സെ മില്‍ നേ ഷമ്മാ ജലാ കര്‍ താജ് മഹല്‍ മേ ആ ജാനാ.....

ലോകം മുഴുവന്‍ ഉറങ്ങുന്ന രാത്രിയില്‍ നീ എന്നെക്കാണാന്‍ ദീപം കൊളുത്തി താജ് മഹലില്‍ വരൂ!

മേ ഉസീ മോഡ് പേ ബര്‍ സോം സെ ഘടാ ഹൂം, കി ജഹാം ഏക് ആവാസ് യേ ആയീ ഥീ കി ഹം ആത്തേ ഹേ...

വര്‍‍ഷങ്ങളായി ഞാന്‍ കാത്തുനില്‍‍ക്കുന്ന ഈ വഴിത്തിരിവ്. പൊടുന്നനെ, പ്രതീക്ഷകള്‍ക്കു ചിറകുകള്‍ നല്‍‍കിക്കൊണ്ടു്, നിന്റെ വരവിന്റെ സന്ദേശം....

രാത്രിക്കു പ്രായമേറി. എന്നിട്ടും രാജേന്ദ്ര പാടിക്കൊണ്ടേയിരുന്നു. ഒരു മാറ്റൊലിയായി, കൂടെ അദ്ദേഹത്തിന്റെ ജീവിത സഖി നീനയും.

നാം മുറിച്ചു തീര്‍ത്ത ഭൂമിയെക്കുറിച്ചു്‌..

ഇനിയും ബാക്കി നില്‍ക്കുന്ന പ്രതീക്ഷയുടെ ആകാശങ്ങളെക്കുറിച്ചു്‌....

ചിരിക്കുന്ന കണ്ണുകളില്‍ നിന്നുതിരുന്ന കണ്ണീരിനെക്കുറിച്ചു്‌......
നമ്മെ ഒരുമിപ്പിക്കുന്ന സുസ്വപ്നങ്ങളെക്കുറിച്ചു്‌.......

നമുക്കിടയില്‍ മതിലുകള്‍ കെട്ടുന്ന ദുഃസ്വപ്നങ്ങളെക്കുറിച്ചു്‌.....

നഷ്ടമായ, ഗ്രാമത്തിന്റെ ശീതളച്ഛായകളെക്കുറിച്ചു്....

നഗരങ്ങളുടെ തിരക്കിലേയ്ക്കു ചേക്കേറിയ പ്രവാസനിയോഗങ്ങളെക്കുറിച്ചു്‌....... ‍

*****

എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്...

നഗരഘോഷകൻ