Sunday, December 20, 2015

Mangalam E-paper

Mangalam E-paper: Mangalam E-paper Edition Kottayam Issue Date Dec 16 , 2015 , Wednesday

Monday, December 14, 2015

ആര്‍ക്കുവേണം യുദ്ധം?

ആര്‍ക്കോവേണ്ടി മുറിവുകളേറ്റു വാങ്ങുന്നവരെക്കുറിച്ചൊരു ചിത്രം:കാരി ജോജി ഫുക്കുനാഗയുടെ ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍
വെട്ടിപ്പിടിക്കലുകളും കീഴടക്കലുകളും ചരിത്രപുസ്തകങ്ങളില്‍ എന്നെന്നേക്കുമായി നിറഞ്ഞുനില്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചവയാണ്. ദുര്‍ബലരുടെ മേലുള്ള അധിനിവേശങ്ങള്‍ ചരിത്രത്തില്‍ വിജയങ്ങളാവുന്നു. ആ 'വിജയികള്‍'ക്കു വേണ്ടിയാണ് ചോദ്യങ്ങളും പരിശോധനകളുമില്ലാതെ ചരിത്രം വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്നത്. അവര്‍ മാത്രമാണ് ചരിത്രംപറയാന്‍ അവകാശമുള്ളവര്‍. തോറ്റവന്‍ എല്ലായിടങ്ങളില്‍നിന്നും നിഷ്‌കാസിതനാവുന്നു. നാടും വീടും സുഹൃത്തുക്കളും ബന്ധുക്കളുമില്ലാതെ അലഞ്ഞുനടക്കുന്നവനുവേണ്ടി ഒരിക്കല്‍പ്പോലും ചരിത്രം വാതില്‍ തുറക്കാറില്ല. തോല്‍വിയുടെ മായ്ക്കാനാവാത്ത മുറിവും നിറവുമാണ് അവനെ എന്നും പിന്തുടരുന്നത്.
  ആര്‍ക്കെതിരെയെന്നോ, എന്തിനാണെന്നോപോലും വ്യക്തമായറിയാതെ യുദ്ധംചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ രാഷ്ട്രീയം പറയുകയാണ് കാരി ജോജി ഫുക്കുനാഗ (Cary Joji Fukunaga), ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍ എന്ന ചിത്രത്തിലൂടെ. 38കാരനായ ഇദ്ദേഹം മൂന്നാംതലമുറയിലെ അമേരിക്കനായ ജപ്പാന്‍ വംശജനാണ്. ലോകത്തിലെ ഏറ്റവുംവലിയ ഓണ്‍ലൈന്‍ ചലച്ചിത്ര വിതരണസ്ഥാപനമായ നെറ്റ്ഫ്‌ലിക്‌സ് (Netflix) നിര്‍മിച്ച ആദ്യമുഴുനീള ചിത്രമെന്ന ബഹുമതി ബീസ്റ്റ്‌സ് ഒഫ് നോ നേഷനു നേടിക്കൊടുത്ത, ഛായാഗ്രാഹകനായ സംവിധായകന്‍. പ്രൈം ടൈം എമ്മി അവാര്‍ഡ് ജേതാവുകൂടിയാണ് ഇദ്ദേഹം.
  ആഫ്രിക്കന്‍ വംശീയപ്പോരുകളില്‍ ബാലയോദ്ധാക്കള്‍ ഒരു പുതുമയല്ല.  തോക്കുകള്‍ പൊട്ടിച്ചും ബോംബെറിഞ്ഞും അവര്‍ രോമാഞ്ചംകൊള്ളുന്നു. പാകമാകാതെ പഴുപ്പിച്ചെടുത്ത് വീരകഥകളിലെ നായകരാകാന്‍ അവരെ ആരൊക്കെയോ തിടുക്കത്തില്‍ പ്രലോഭിപ്പിച്ചെടുക്കുകയാണ്. അങ്ങനെ ബാല്യത്തിന്റെ വിസ്മയങ്ങള്‍ അനുഭവിച്ചുതീരുന്നതിനുമുമ്പേ അവര്‍ പരുക്കന്മാരായ യോദ്ധാക്കളാകുന്നു. അങ്ങനെയുള്ള ബാലന്മാരിലൊരാളാണ് അഗു. അമ്മയെയും കുഞ്ഞുപെങ്ങളെയും പിരിച്ചും അച്ഛനെയും സഹോദരനെയും വെടിവച്ചുവീഴ്ത്തിയുമാണ് യുദ്ധം അവനിലേക്കിറങ്ങി വരുന്നത്.
എല്ലാ ആഫ്രിക്കന്‍ യുദ്ധങ്ങളെയും പോലെ ഇതും എന്തിനു വേണ്ടിയാണെന്നുള്ളത് വ്യക്തമല്ല. പ്ലേഗ് പടരുന്നതു പോലെയാണ് യുദ്ധക്കെടുതി പൊട്ടിപ്പടരുന്നത്. ആദ്യമായി, നിരായുധനായ ഒരാളെ വെട്ടിക്കൊല്ലേണ്ടി വരുമ്പോള്‍, നേരത്തേ പഠിച്ച ബൈബിള്‍ വചനങ്ങള്‍ അഗുവിന്റെ മനസ്സിലൂടെ കടന്നുപോകുന്നുണ്ട്. അവന്‍ മകനെപ്പോലെയാണെന്നും ഒരു മകന് അച്ഛനെ രക്ഷിക്കാനുള്ള ചുമതലയുണ്ടെന്നും കമാന്‍ഡന്റ് പറയുമ്പോള്‍ അവന്‍ ധര്‍മസങ്കടത്തിലാവുന്നു. യുദ്ധരാഷ്ട്രീയത്തിന്റെ കെടുതികളുടെ അന്ത്യത്തില്‍ അഗു കൂട്ടുകാരോടൊപ്പം  കളിച്ച് ബാല്യം തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോകുന്നു. 
   നൈജീരിയന്‍ അമേരിക്കന്‍ എഴുത്തുകാരനായ ഉസോഡിന്‍മ ഐവിയേല (Uzodinma Iweala) യുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഘാനയുടെ വനാന്തരങ്ങളില്‍ ഒരു മഴക്കാലത്തെ അഞ്ച് ആഴ്ചകളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതിനിടെ ഫുക്കുനാഗ മലമ്പനി പിടിച്ച് കിടപ്പിലായിപ്പോയിരുന്നു.

   2013ല്‍ ലോങ് വാക്ക് റ്റു ഫ്രീഡം എന്ന ചിത്രത്തില്‍ നെല്‍സണ്‍ മണ്ടേലയായി വേഷമിട്ട ഇംഗ്ലീഷ് നടന്‍ ഇദ്രിസ് എല്‍ബയാണ് ചിത്രത്തില്‍ കമാന്‍ഡന്റ് ആയി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് കറുപ്പിന്റെ ശക്തിചൈതന്യമായ ഈ നടന്‍. ആയിരത്തോളം കുട്ടികളില്‍നിന്നാണ് ഏബ്രഹാം അത്ത, അഗുവിന്റെ ആകുലതകളേറ്റെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അവന്റെ നോട്ടത്തിന്റെ ആഴങ്ങള്‍ അളന്നുകൊണ്ട് സംവിധായകന്‍ ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയില്‍ പറഞ്ഞതിങ്ങനെയാണ്: 'ആദ്യമായി കാണുന്ന അത്തയും ചിത്രനിര്‍മാണത്തിനു ശേഷമുള്ള അത്തയും തികച്ചും വ്യത്യസ്തനായിരുന്നു. കളിച്ചുനടന്ന കുട്ടിയില്‍നിന്ന് ഇരുത്തംവന്ന, ബാല്യം നഷ്ടപ്പെട്ട, ചിത്രത്തിലെ പോരാളിയെപ്പോലെ.' 
   ആഫ്രിക്കയുടെ ഇരുളില്‍നിന്ന് വെളിച്ചംകണ്ടു പകച്ചു നില്‍ക്കുന്ന കുട്ടിയായി ഏബ്രഹാം അത്ത ടൊറോന്റോയില്‍. സിനിമയില്‍ കാണാതിരുന്ന ചിരിയില്‍ കുളിച്ചുനിന്ന അത്തയ്ക്കിപ്പോള്‍ ഇദ്രിസ് എല്‍ബയും ഫുക്കുനാഗയും കൂട്ടുകാരാണ്. സ്‌കൂളില്‍ കയറാതെ നടന്ന കുട്ടികള്‍ക്കിടയില്‍ നിന്ന് പ്രശസ്തിയുടെ നക്ഷത്രം ചൂണ്ടിക്കാട്ടിയ എബ്രഹാമിനിപ്പോള്‍ മറ്റൊരു ചലച്ചിത്രത്തിലേക്ക് ക്ഷണം കിട്ടിയിരിക്കുന്നു. അവന്‍ പറഞ്ഞു: ''എനിക്ക് ഇദ്രിസിനോടൊപ്പം നില്‍ക്കാന്‍ ഭയമായിരുന്നു. അവര്‍ക്കിടയില്‍ ഞാന്‍ ഒരു ഉറുമ്പ് മാത്രമായിരുന്നു. ഇപ്പോള്‍ എന്നെ എല്ലാവരും അറിയുന്നു എന്നു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.''   സിയെറ ലിയോണിലെ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത ഒരു നേതാവാണ് എബ്രഹാം അത്തയെ ഒളിപ്പോരിന്റെ നടവഴികള്‍ പഠിപ്പിച്ചുകൊടുത്തത്. അച്ഛന്‍ തുറമുഖത്ത് ജോലി ചെയ്യുന്നു. വല്ലപ്പോഴുമൊക്കെ സ്‌കൂളില്‍ പോകും. ഇടയ്ക്ക് വഴിയരികിലിരുന്ന് എന്തെങ്കിലുമൊക്കെ വില്‍ക്കും. സിനിമകള്‍ കാണാന്‍ വലിയ താത്പര്യമൊന്നുമില്ല. 
വെനീസ് ചലച്ചിത്രമേളയില്‍ നിന്ന് മികച്ച ബാലനടനുള്ള മര്‍സേലോ മസ്‌ട്രോയിയാനി പുരസ്‌കാരം നേടിയ എബ്രഹാം അത്ത, ആഫ്രിക്കയുടെ ഇരുളില്‍നിന്ന് പുറത്തുകടക്കുകയാണ്, അഭിനയത്തിലൂടെ.
2015ലെ, ലോകംകണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍.  യുദ്ധംചെയ്ത് ജീവിക്കണോ യുദ്ധം ചെയ്യാതെ മരിക്കണോ എന്നുമാത്രം ചിന്തിക്കേണ്ട ഒരു ലോകത്തിന്റെ കഥയാണിത്. ഒപ്പം ബാല്യങ്ങളില്ലാതെ പോകുന്ന കുട്ടികളുടെയും!