ഹാർഡ് ഡിസ്ക്ക്

 
                                                                
രണ്ടു പതിറ്റാണ്ടിനു ശേഷമായിരുന്നു മോഹനചന്ദ്രനോട് സംസാരിക്കുന്നത് തന്നെ. അതും ഫോണിൽ. അവനിപ്പോൾ കോഴിക്കോട് ജില്ലയിൽ ഒരു ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പലാണ്. 8-9-10 ക്ലാസ്സുകളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. കോളജിലെത്തിയപ്പോൾ ഞങ്ങൾ വെവ്വേറെ ഗ്രൂപ്പുകളിലായി.

വിട്ടുപോയതൊക്കെ പൂരിപ്പിച്ച് ഞങ്ങൾ പുതിയ കാലത്തേയ്ക്കു വന്നു. അതിനിടയിൽ തെന്നിത്തെറിച്ച് വീണ്ടും പഴയ ചില സൗഹൃദങ്ങളിലേയ്ക്കും പഴയ അദ്ധ്യാപകരിലേയ്ക്കും പലകുറി വീണു.എട്ടിലും ഒമ്പതിലും അവനെ നിരന്തരം തേജോവധം ചെയ്ത ഒരു അദ്ധ്യാപകനുണ്ടായിരുന്നു.പൗലോസ് സർ. അവന്റെ ചില നിഷ്ക്കളങ്കമായ സംശയങ്ങളെ അദ്ദേഹം നേരിട്ടിരുന്നത് സഭ്യതയുടെ എല്ലാ അതിരുകളും കടന്നുകയറിയാണ്.പെട്ടെന്നാണ് എനിക്കോർമ്മ വന്നത്, ദിവസേനയെന്നോണം രണ്ടാം ബെഞ്ചിൽ പൗലോസ് സാറിന്റെ എല്ലാ അസ്ത്രങ്ങളുമേറ്റുവാങ്ങി, മുറിവേറ്റു നിൽക്കുന്ന മോഹനചന്ദ്രനെ. ശരിയായ ഉത്തരങ്ങൾ പറയുമ്പോൾപ്പോലും അവനെ ഒന്നു കുത്തിനോവിക്കാനുള്ള അവസരങ്ങൾ അദ്ദേഹം പാഴാക്കിയിരുന്നില്ല.ആ രണ്ടു വർഷം, അവനു നാടുവിട്ടോടാനും ആത്മഹത്യ ചെയ്യാനും വരെ തോന്നിയിരുന്നു എന്ന് ഇപ്പോഴാണ് അവൻ പറയുന്നത്. അവനെ 'ഉണ്ടക്കണ്ണൻ'എന്നും 'മൂങ്ങ'യെന്നും വിളിച്ച് അവന്റെയുള്ളിലെ തീപ്പൊരികളെ എന്നും തല്ലിക്കെടുത്തിയിരുന്ന കാര്യവും ഓർമ്മിപ്പിച്ചു.


ഒരു അദ്ധ്യാപകൻ ഇട്ട പേരാകുമ്പോൾ സഹവിദ്യാർത്ഥികൾക്ക് അവനെ അങ്ങനെ വിളിക്കാൻ പ്രത്യേക ലൈസൻസ് ഒന്നും വേണ്ടല്ലോ!അതിന്റെ സാധുത പരീക്ഷിക്കനെന്നോണം ഒരു ദിവസം മമ്മാലി അവനെ മൂങ്ങയെന്നു വിളിച്ചു.സംഗതി സീരിയസ്സാവുകയും പരാതി ഹെഡ്‌മാസ്റ്ററിലേക്കെത്തുകയും ചെയ്തു.പ്യൂൺ കുഞ്ഞാച്ചൻ ചേട്ടൻ സമൻസുമായി വന്ന് മമ്മാലിയെ പൊക്കിയെടുത്തു പോയി. മമ്മാലിയുടെ കാര്യത്തിൽ ഏതാണ്ടൊരു തീരുമാനം അന്നു തന്നെയുണ്ടാവും എന്ന് ഞങ്ങളൊക്കെ കരുതി. കാരണം,അവനെക്കുറിച്ചുള്ള പരാതികളുടെ പാത്രം നിറഞ്ഞു തുളുമ്പിത്തുടങ്ങിയിരുന്നു.അടുത്ത പീരിയഡ് തീരുന്നതിനു പത്തു മിനിട്ടു മുമ്പ് മമ്മാലി വതിൽക്കലെത്തി.

''ഉം...എന്തേ? എവിടെയായിരുന്നു?'' - അദ്ധ്യാപകൻ ചോദിച്ചു.

''ഹെഡ്‌മാഷ് ബിളിച്ചിറ്റ് പോയതാ....''

''ഉം... കേറീരി.''

ആ ക്ലാസ്സ് കഴിഞ്ഞതും, കാലിന്മേൽ കാൽകയറ്റി പുഞ്ചിരിച്ചിരിക്കുന്ന മമ്മാലിയെ കൂട്ടുകാർ പൊതിഞ്ഞു.

''കിട്ടിയോ നന്നായിട്ട്?''  

''എബടെ!''മമ്മാലിയുടെ ചുണ്ടുകൾ ഇടതുവശത്തേയ്ക്കുമത്രം നീണ്ടുകുറുകി. 

''പിന്നെന്തേ?''

''വടിയെടുത്തു.ബിളിച്ചോന്ന് ചോയിച്ചു. ബിളിച്ചൂന്ന് ഞാമ്പറഞ്ഞു. എന്തിനാന്ന് ചോയിച്ചു. പൗലോസ്സാർ ബിളിക്കണൊണ്ടല്ലോന്ന് ഞാൻ പറഞ്ഞു. ഹെഡ്മാഷ് വടി തിര്യെ വെച്ചു.പൊക്കോളാനുമ്പറഞ്ഞു.''

''അതിനിത്ര നേരമെടുത്തോ?''

''ഞാമ്പതുക്കെ ... പൊറത്തൊക്കെയൊന്നു ചാടി... ഒരു ബീഡീക്കെ വലിച്ച്... പതുക്കെ വന്നാ മതീല്ലോന്ന് വെച്ചു.ഹെഡ്മാഷ് ബിളിച്ചിറ്റ് പോയതല്ലേ!''  മമ്മാലി ചെവിയിൽ വിരലിട്ടു.


അങ്ങനെ, ആ കേസ് തേഞ്ഞുമാഞ്ഞ് പോവുകയും വട്ടപ്പേര് മോഹനചന്ദ്രന്റെ മേൽ ഇരിപ്പുറപ്പിക്കുകയും ചെയ്തു.

പിന്നീടൊരിക്കൽ എന്തോ ചെറിയ കാര്യത്തിനു വഴക്കിട്ടപ്പോൾ ഞാനും അവനെ മൂങ്ങയെന്നു വിളിച്ചുവെന്നകാര്യം അവനിപ്പോൾ ഓർമ്മിപ്പിച്ചു. അതു കേട്ടപ്പോൾ എനിക്കും വല്ലാതെ വിഷമമായി.ഞാൻ അങ്ങനെ അന്നു വിളിച്ചപ്പോൾ അവൻ നിശ്ശബ്ദനായി നിന്നതേയുള്ളു. പിന്നീട്, ഇന്റർവെൽ സമയത്ത് മൂത്രമൊഴിച്ചു മടങ്ങുമ്പോൾ അവൻ എന്റെ തോളിൽ കൈവച്ചു പറഞ്ഞു:നീ എന്നെ ചീത്തവിളിച്ചപ്പോൾ ഞാൻ തകർന്നു പോയി.കാരണം ക്ലാസ്സിൽ എനിക്കേറ്റവും ഇഷ്ടമുള്ള കുട്ടിയാണ് നീ. ഇനി എന്നെ അങ്ങനെയൊന്നും വിളിക്കരുത്, നീയെങ്കിലും.

എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ പറഞ്ഞു, ''സോറിഡാ... ഇനി വിളിക്കില്ല. എന്നോട് ക്ഷമിക്ക്.''
അവന്റെ കണ്ണുകളും നിറഞ്ഞു.അങ്ങനെ ഞങ്ങൾ സൗഹൃദങ്ങൾക്കിടയിലുണ്ടായ വിള്ളലുകൾ അടച്ചു തീർത്തു, പുതിയവരായി.

അവൻ തുടർന്നു: പൗലോസ് സാറിനു ദേഷ്യം കൂടിയതിന്റെ മറ്റൊരു കാരണം ഞാൻ മറ്റേ വിദ്യാർത്ഥിസംഘടനയിൽ ചേർന്നതായിരുന്നു.ഇന്നാണെങ്കിൽ ഞാൻ അയാൾക്ക് എന്നും ഓർത്തിരിക്കാനുള്ള ഒരു പണി കൊടുക്കുമായിരുന്നു.

ഞാൻ ഫോണിൽ തുടർന്നു: ശരിയാണ് മോഹൻ. നമ്മളന്ന് കുട്ടികളായിരുന്നില്ലേ? അന്നത്തെ ശരികളൊക്കെ അതായിരുന്നില്ലേ? എല്ലാ അസ്ത്രങ്ങൾക്കും നേരേ നിന്നു കൊടുക്കേണ്ട ശരികളായിരുന്നു, വിദ്യാർത്ഥികൾ.

വ്യക്തിഗതവിഷമങ്ങളും ദു:ഖങ്ങളും കേൾക്കാൻ പോലും തയ്യാറാകാത്ത അദ്ധ്യാപകർ. കേട്ടാലോ അവർ സ്കൂൾ മുഴുവൻ ആ വാർത്തകൾ പരത്തുന്ന കാലം.വീട്ടിൽ നിന്നാണെങ്കിൽ ഒട്ടും പിന്തുണ കിട്ടാത്ത കാലം.മാതാപിതാക്കളിലും അന്ന് അദ്ധ്യാപകരായിരുന്നു ശരി. ചെയ്യാത്ത കുറ്റങ്ങൾക്ക് സ്കൂളിൽ നിന്ന് അടികിട്ടിയാലും വീട്ടിലെ വിചാരണയിൽ കുട്ടികൾ പ്രതികൾ തന്നെയായി തുടരേണ്ടുന്ന അവസ്ഥ. അടി കിട്ടാതെ പൂർണ്ണവളർച്ചയെത്താൻ കഴിയാത്തൊരു കാലം.

മോഹനചന്ദ്രൻ പറഞ്ഞു: അന്ന് ഞാൻ തീരുമാനിച്ചതാ... ഒരു അദ്ധ്യാപകനാവണമെന്ന്. എന്നിട്ട് പൗലോസ് സാറിന്റെ മകൻ പഠിക്കുന്ന സ്കൂളിൽ ചേരണമെന്നും.ഓരോരോ തോന്നലുകൾ!

എനിക്കു ചിരി വന്നു.  

അവൻ തുടർന്നു: ഇന്നിപ്പോൾ ശിക്ഷ പോയിട്ട് ഒന്ന് മുഖം ചുളിക്കാൻ പോലും ഞങ്ങൾക്ക് പറ്റാതെ വന്നിരിക്കുന്നു.എന്തെങ്കിലും പറഞ്ഞാൽ മാനസികപീഡനമാകുമോ എന്ന് നാലുവട്ടം ചിന്തിക്കണം.

കാലമാണ് എന്തൊക്കെയാണ് ശരിയെന്ന് തീരുമാനിക്കുന്നത്.തെറ്റുകളില്ലാത്ത കാലം.തെറ്റുകളിലും ശരികളുണ്ടെന്ന് മറ്റുള്ളവർ കണ്ടെത്തുന്ന കാലം. ശരിയാണെന്ന് പൂർണ്ണബോധ്യത്തോടെ ചെയ്യുന്ന പലതിലും തെറ്റിന്റെ ചിതലുകൾ അരിച്ചുകയറുന്ന കാലം


ഫോൺ വയ്ക്കുന്നതിനുമുമ്പ് മോഹനചന്ദ്രൻ പറഞ്ഞു:സുരേഷിനോർമ്മയുണ്ടോ ഒരു ശനിയാഴ്ച എൻ.സി.സി യുടെ റൈഫിൾ ട്രെയിനിംഗിനിടയിൽ വർത്തമാനം പറഞ്ഞതിന് ആ .303 യും തലയ്ക്കുമുകളിൽ പിടിപ്പിച്ച് നീ എന്നെയും ലത്തീഫിനേയും ഗ്രൗണ്ടിനും ചുറ്റും ഓടിച്ചത്?

ഞാനതെന്നേ മറന്നു. ഹാർഡ് ഡിസ്ക്കുകൾ പെട്ടെന്ന് നിറയുകയാണ്. ഒരുപാട് പുതിയവ ഇടിച്ചു കയറി വരുമ്പോൾ പഴയ ഓർമ്മകൾ പലതും ഡിലീറ്റ് ആയിപ്പോകുന്നു!   
                                                                         
 

Comments

"വീട്ടിൽ നിന്നാണെങ്കിൽ ഒട്ടും പിന്തുണ കിട്ടാത്ത കാലം.മാതാപിതാക്കളിലും അന്ന് അദ്ധ്യാപകരായിരുന്നു ശരി. ചെയ്യാത്ത കുറ്റങ്ങൾക്ക് സ്കൂളിൽ നിന്ന് അടികിട്ടിയാലും വീട്ടിലെ വിചാരണയിൽ കുട്ടികൾ പ്രതികൾ തന്നെയായി തുടരേണ്ടുന്ന അവസ്ഥ. അടി കിട്ടാതെ പൂർണ്ണവളർച്ചയെത്താൻ കഴിയാത്തൊരു കാലം."!! അതെ സത്യം !!

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്