അസ്ഥിരതയുടെ താഴ്നിലങ്ങള്‍


                                                                              - സുരേഷ് നെല്ലിക്കോട്
<ജുംപാ ലാഹിരിയുടെ 'താഴ്നിലങ്ങള്‍' (The Lowland) എന്ന നോവലിന്‍റെ വായനാനുഭവം>

വര്‍ഷകാലത്ത് താഴ്‌നിലങ്ങളിലാകെ ഒഴുകിപ്പരന്ന് ഒന്നാകുന്ന ഇരട്ടക്കുളങ്ങളെപ്പോലെയായിരുന്നുഒന്നേകാല്‍ വര്‍ഷത്തിടയ്ക്കുണ്ടായ ആ രണ്ടു സഹോദരന്മാര്‍. സുഭാഷ് മിത്രയുംഉദയന്‍ മിത്രയും. പലര്‍ക്കും അവര്‍ പരസ്പരം മാറിപ്പോകുന്നത്ര സാദൃശ്യം. അറുപതുകളുടെ അന്ത്യം കല്‍ക്കത്തയെ കലാപകലുഷിതമാക്കിയിരുന്നു. നിരോധനാജ്ഞകള്‍ നിശ്ചലമാക്കിയ തെരുവുകള്‍.ആരെയൊക്കെയോ തെരഞ്ഞുകൊണ്ട് എവിടെയും പോലീസും പട്ടാളവും റോന്തു ചുറ്റി നടക്കുന്നു. കമ്യൂണിസത്തിന്‍റെ കറകളഞ്ഞ ലക്ഷ്യങ്ങള്‍ തേടിയ യുവത്വംപട്ട കെട്ടിയ കുതിരകളെപ്പോലെ മാര്‍ഗ്ഗം മറന്ന് ലക്ഷ്യം തേടിയ കാലം. ആ വിപ്ലവപാതയാണ്‌ തന്‍റെ ശരിയെന്ന് അതിലൊരാള്‍ തിരിച്ചറിയുകയായിരുന്നു. ഉദയന്‍.  അങ്ങനെഉദയന്‍ സുഭാഷില്‍ നിന്ന് ക്രമേണ അകന്നകന്നു പോകുന്നു. അധ:സ്ഥിതന്‍റെയും അടിച്ചമര്‍ത്തപ്പെട്ടവന്‍റെയും മോചനത്തിനുള്ള പാതയാണ്‌ മറ്റേതിനേക്കാളും പ്രിയപ്പെട്ടതെന്ന് ഉദയന്‍ തീരുമാനിക്കുമ്പോള്‍ അയാള്‍ക്കറിയാമായിരുന്നു തനിക്ക്‌ അനായാസം എത്തിപ്പിടിക്കാന്‍ കഴിയുന്ന ഒരമൂല്യജീവിതം കൈവിട്ടുപോകുകയായിരുന്നു എന്ന്‌. രണ്ടുപേരും അങ്ങനെ വ്യത്യസ്ത ധ്രുവങ്ങളിലേയ്ക്ക് അകന്നകന്നു പോയി. ഉദയന്‍ നക്സല്‍ പ്രവര്‍ത്തകനായി ഒളിസങ്കേതങ്ങളിലേയ്ക്ക് പോകുമ്പോള്‍ സുഭാഷ് ഉന്നതപഠനത്തിനായി അമേരിക്ക തെരഞ്ഞെടുക്കുന്നു.

ജുംപാ ലാഹിരിയുടെ എറ്റവും പുതിയ നോവലാണ്‌ 'താഴ്‌ന്നിലങ്ങള്‍'  ( The Lowland )കല്‍ക്കത്തയുടെ നഗരാതിര്‍ത്തി വിട്ട് പോകേണ്ട വഴി കൃത്യമായി എഴുത്തുകാരി നമുക്ക് പറഞ്ഞുതരുന്നുണ്ട്. ടോളി ക്ലബ്ബിനു കിഴക്കു മാറി ദേശപ്രാണ്‍ റോഡ് രണ്ടായി പിരിയുന്നിടത്തെ മുസ്ലീം പള്ളി. ആ വഴികളിലൊന്നിലൂടെ പോയാല്‍ എത്തിച്ചേരുന്ന,ചതുപ്പുകള്‍ക്കു മേല്‍ മണ്ണിട്ടു നികത്തിയ സൗമ്യസുന്ദരമായ ഒരു  ചെറിയ ഗ്രാമം. ജനനിബിഡമായ ഇടവഴികളിലൂടെ പോകുമ്പോള്‍ കാണുന്ന ഇരട്ടകളെപ്പോലെയുള്ള രണ്ട് കുളങ്ങള്‍. ജലസസ്യങ്ങള്‍ തഴച്ചു നില്‍ക്കുന്ന കുളങ്ങളിലാണെങ്കില്‍ വെള്ളമുണ്ടെന്നേ തോന്നുകയില്ല. ഈ പായലുകള്‍ക്കിടയില്‍ ഉദയന്‍ ഒരിക്കല്‍ വേട്ടക്കാരില്‍ നിന്ന് ഒളിക്കുന്നുണ്ട്.
ജുംപാ ലാഹിരിയുടെ ഭാഷാലാളിത്യം അതീവസുന്ദരമാകുന്നത് കഥയിലുടനീളം കാണാം. നഗരത്തിന്‍റെ പുകപ്പാളികളിലൂടെ പറന്ന് പറന്ന് തൂവലുകള്‍  കറുത്തുപോയ ദേശാടനപ്പക്ഷികള്‍ ഇരപിടിക്കാന്‍ ചെവിയും കണ്ണും വട്ടം പിടിച്ചു നില്‍ക്കുന്ന കാഴ്ചകള്‍ പോലെഅവ മനോഹരമായി നമ്മെ കൈപിടിച്ചു നടത്തുന്നു.കഥാഖ്യാനപ്രതലങ്ങള്‍ മൂന്നു തലമുറകളുടേതായി ഇന്ത്യയിലും അമേരിക്കയിലുമായി പരന്നു കിടക്കുന്നു. കഥാകാരിയുടെ സ്വന്തം ജീവിതയാത്രാനുഭവങ്ങള്‍ ഇങ്ങനെയൊരു പ്രപഞ്ചസൃഷ്ടിക്ക് കരുത്തേകിയിട്ടുണ്ടാവാം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! കുടിയേറ്റം സൃഷ്ടിക്കുന്നബന്ധങ്ങളിലെ അകല്‍ച്ചകളും പൊട്ടലുകളും ഈ നോവലില്‍  പരന്നു കിടക്കുന്നതു കാണാം. ചിലതൊക്കെ നേടാന്‍ മറ്റു ചിലതൊക്കെ ത്യജിക്കേണ്ടി വരുന്ന കുടിയേറ്റക്കാരുടെ നിസ്സഹായാവസ്ഥകള്‍.

പകല്‍ അദ്ധ്യാപകനായും രാത്രി വിപ്ലവകാരിയായും പ്രവര്‍ത്തിക്കുന്ന ഉദയന്‍റെ ജീവിതത്തിലേയ്ക്ക് ഗൗരി എന്ന പെണ്‍കുട്ടി കടന്നു വരുന്നു. നക്സലൈറ്റുകള്‍ തൊഴില്‍ സമരങ്ങളിലുംപഠിപ്പുമുടക്കിലുംബോംബ് സ്ഫോടനങ്ങളിലും,കൊലപാതകങ്ങളിലും സജീവമായിരുന്ന ഒരു കാലമായിരുന്നുഅത്. അവസാനം ഒരു പോലീസുകാരന്‍റെ കൊലപാതകത്തില്‍ അവര്‍ പ്രതികളാകുന്നു. കുളത്തിലെ പായലുകള്‍ക്കും ജലസസ്യങ്ങള്‍ക്കുമിടയില്‍ ഒളിച്ചിരിക്കുന്ന ഉദയന്‍ തന്‍റെ കുടുംബത്തെ നിത്യദു:ഖത്തിലേയ്ക്ക് തള്ളിവിടേണ്ടി വന്ന അവസ്ഥയോര്‍ത്ത് പരിതപിക്കുന്നുണ്ട്. നിയമപരിപാലകരുമായുള്ള ഒരു ഏറ്റുമുട്ടലില്‍ ഉദയന്‍ കൊല്ലപ്പെടുമ്പോള്‍ ഗൗരി ഗര്‍ഭിണിയായിരുന്നു. അമേരിക്കയില്‍ നിന്നു തിരിച്ചെത്തുന്ന സുഭാഷ് അവളെ വിവാഹം കഴിച്ച് കുട്ടിയുടെ  രക്ഷകര്‍ത്താവാകുന്നു. അവര്‍ പിന്നിടു അമേരിക്കയിലേയ്ക്ക് മടങ്ങുന്നു. ''ഞാന്‍ ചിന്തിക്കുന്നുഅതിനാല്‍ ഞാന്‍!'' ( I think; therefore I’m!) എന്നു പറഞ്ഞ റെനേ ഡെക്കര്‍ട്ടിന്‍റേയുംനീറ്റ്ച്ചേ (Nietzsche) യുടേയും,ഷോപ്പന്‍ഹോവറു (Schopenhauer) ടേയും  ചിന്താസരണികളിലൂടെ കടന്നു പോയി ഗൗരി മറ്റൊരു ലോകത്തിലേയ്ക്കെത്തുന്നു. സ്വന്തം ചിന്തകളാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപിലേയ്ക്ക്.

ഭാരതീയ കുടുംബബന്ധങ്ങളുടെ പരിപാവനതകളിലേയ്ക്ക് അരിച്ചു കയറുന്ന യുവധാര്‍ഷ്ട്യങ്ങളെക്കുറിച്ചും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങളിലേയ്ക്കും ജുംപാ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. കാലത്തിന്‍റെ പല സന്ധികളിലും നാം പരിപാലിക്കുന്ന വിശ്വാസപ്രമാണങ്ങള്‍ക്ക് നാം കൊടുക്കേണ്ടി വരുന്ന വിലയുടെ കഥയാണിത്. സ്നേഹത്തിന്‍റെ വില. ബന്ധങ്ങളുടെ വില. ഇതൊരു ജീവിത സങ്കീര്‍ണ്ണതയാണ്‌. ഒരുപാടു കാലത്തിനുശേഷം ഒരു പുനര്‍‌വിചിന്തനത്തിനു മുതിരുമ്പോള്‍,  നമുക്ക് കൊടുക്കാനാവാതെ, നാം നിസ്സഹായരായി നില്‍ക്കേണ്ടി വരുന്നതിന്‍റെ വില. സ്വജീവിതബന്ധിയാകുന്ന കഥകള്‍ക്കൊപ്പം വായനക്കാരെ നടത്തിക്കൊണ്ടു പോകാന്‍  കഥാകൃത്തിന്‌ അധികം ക്ലേശിക്കേണ്ടതില്ല. 'താഴ്നിലങ്ങളി'ല്‍ ജുംപയുടെ തെക്കന്‍ കൊല്‍ക്കത്തയിലെ തറവാടിന്‍റെ അകത്തളങ്ങളില്‍ ഊറി നിന്ന,കലാപസംബന്ധിയായ സ്വകാര്യഭാഷണങ്ങളുടെ ചരിത്രമുണ്ട്. വിപ്ലവത്തിന്‍റെ പാതയില്‍ തളര്‍ന്നുവീണവരുടെ വേദനകളുണ്ട്. മാര്‍ഗ്ഗമദ്ധ്യേ ജീവന്‍ വെടിഞ്ഞവരെക്കുറിച്ചുള്ള,ജീവിച്ചിരിക്കുന്നവരുടെ ഏങ്ങലുകളുണ്ട്. അയല്‍‌ക്കാരുടെ കഥകളുണ്ട്. ചുരുക്കത്തില്‍ എഴുപതുകളില്‍ കേട്ടിരുന്നതും, ആശങ്കപ്പെട്ടിരുന്നതുമായ ഒട്ടേറെ സംഭവങ്ങളുണ്ട്. എഴുതിയ നാലുപുസ്തകങ്ങളിലും ഏറിയും കുറഞ്ഞും കുടിയേറ്റമനസ്സുകളുടെ വ്യാപാരങ്ങളാണ്‌. പുതിയ തലമുറയ്ക്ക് ഓര്‍ത്തിരിക്കാന്‍ പഴയതൊന്നുമില്ലാത്ത അവസ്ഥയും, പഴയവര്‍ക്കാണെങ്കില്‍ പുതിയവയെ   പഴയതിലേയ്ക്ക് കൂട്ടിച്ചേര്‍‌ക്കേണ്ട ദ്വിത്വപ്രതിസന്ധികളും.

   എഴുപതുകള്‍ അവസാനിക്കുന്നതിനു മുമ്പായി അനാഥമായിപ്പോയ ഒരു പ്രസ്ഥാനമായിരുന്നു നക്സലിസം. ദൃഷ്ടികേന്ദ്രങ്ങളിലുണ്ടായിരുന്ന അവ്യക്തതയാണ്‌ അതിനെ അനാഥമാക്കിക്കളഞ്ഞത്. ഒരു പക്ഷേ ദീര്‍ഘവിചിന്തനങ്ങള്‍ സമസന്ധികളിലെത്തിച്ചേക്കാമായിരുന്ന ഒരു പ്രസ്ഥാനമാണ്‌ അപക്വമായ നേതൃനിരയുടെ എടുത്തുചാട്ടങ്ങളില്‍ ചിന്താപാരമ്യമുള്ള ഒരു പറ്റം യുവത്വങ്ങളെ കടപുഴക്കിയെറിഞ്ഞത്. മറ്റേതൊരു ജനതയെക്കാള്‍ കൂടുതലായി ബംഗാളിക്കും മലയാളിക്കും നക്സലിസത്തെ മനസ്സിലാക്കാന്‍ കഴിയും. അവരില്‍ അത് അത്രയേറെ   വേര്‌ പടര്‍ത്തിയിട്ടുണ്ട്. ദേശാന്തരഗമനങ്ങളിലും അവര്‍ മറ്റാരെക്കാളും മുമ്പില്‍ ആണ്‌. അതു കൊണ്ടു തന്നെ ഈ പ്രതലങ്ങളില്‍ക്കൂടി അവന്‌ അനായാസം സഞ്ചരിക്കാനും അതിനെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാനും കഴിയും. ഒരു പുസ്തകത്തിനപ്പുറം കഥാപാത്രങ്ങളെ വളര്‍ത്തേണ്ട ആവശ്യമില്ലെന്ന് കരുതുന്ന എഴുത്തുകാരിഅവരുടെ വിശാലമായ വിഹാരരംഗങ്ങള്‍ മറികടന്നു പോരാന്‍ വിമുഖയാവുന്നു. ആ ഭൂമിക അത്രയേറെ വിശദീകൃതമാണ്‌ഈ നോവലില്‍‌.

2000 ത്തിലെ പുലിറ്റ്സര്‍ പുരസ്കാരജേതാവായ ജുംപാ ലാഹിരിയുടെ ഈ നോവല്‍,മാന്‍ ബുക്കര്‍ പ്രൈസിനായുള്ള അന്തിമപട്ടികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ലണ്ടനില്‍ ജനിച്ച്രണ്ടുവയസ്സുമുതല്‍ അമേരിക്കയിലെ റോഡ് ഐലന്‍‌ഡില്‍ വളര്‍ന്ന നീലാഞ്‌ജനാ സുദേഷ്ണയാണ്‌ പിന്നീട് ജുംപാ ലാഹിരിയെന്ന പ്രശസ്തയായ എഴുത്തുകാരിയാകുന്നത്. 'ടൈം ലാറ്റിന്‍ അമേരിക്ക'യുടെ സീനിയര്‍ എഡിറ്ററായ ആല്‍ബെര്‍ട്ടോ വി. ബുഷ് ആണ്‌ ഭര്‍ത്താവ്. മക്കള്‍ ഒക്ടേവിയോയും നൂറും. ഇപ്പോള്‍,എല്ലാവരും കൂടി ഇറ്റലിയിലെ റോമില്‍ താമസിക്കുന്നു.

(കലാകൗമുദി ആഴ്ചപ്പതിപ്പ് - ജനുവരി 19, 2014)


Comments

പുസ്തകത്തിലൂടെ നടത്തിയ ഈ യാത്ര മനോഹരമായിരിക്കുന്നു സുരേഷ് ...
This comment has been removed by a blog administrator.

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്