താക്കോല്‍ പോയ പ്രണയപ്പൂട്ടുകള്‍



ഈ ചിത്രം നിറയെ പ്രണയപ്പൂട്ടു(love locks)കളാണ്‌. കാമുകീ കാമുകന്മാര്‍ ഒരുമിച്ചും, ഒറ്റയ്ക്കായും ഒക്കെ വന്ന് പൂട്ടിപ്പോയവ. ചിലര്‍ പൂട്ടിയ ശേഷം താക്കോല്‍ പുഴയിലെറിഞ്ഞുകളഞ്ഞു. കണ്ടു കിട്ടി, തുറന്നാലല്ലേ പ്രണയബന്ധം തകരൂ! ചിലര്‍ അത് ഇപ്പോഴും സൂക്ഷിക്കുന്നുണ്ടാവും. ഈ പൂട്ടുകള്‍ തുറന്നാല്‍ ബന്ധം തകരുമെന്നാണു വയ്പ്പ്. അപ്പോള്‍, അടുത്ത ചോദ്യം: പൊട്ടാതെ നില്‍ക്കുന്ന ഈ പൂട്ടുകളുടെ ഉടമകളെല്ലാം ഇപ്പോഴും ഒരുമിച്ചു തന്നെയാണോ

അതിന്‍റെ ഉത്തരം മറ്റോരു ചോദ്യരൂപത്തില്‍ തരാം. നാം കാര്യസാധ്യങ്ങള്‍‌‍ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കാറുള്ളതെല്ലാം സഫലമായി പരിണമിക്കാറുണ്ടോ? ഏതെങ്കിലും കാര്യത്തില്‍ ഫലം കിട്ടാതെ വന്നതിനാല്‍ നാം ദൈവത്തോടുള്ള പ്രാര്‍‌‍ത്ഥന എപ്പോഴെങ്കിലും നിറുത്തിക്കളഞ്ഞിട്ടുണ്ടോ?
ഇല്ല. ഒരു വിശ്വാസം, അതല്ലേ എല്ലാം?

'കാര്യമായ കളി' (ഒരു വിരുദ്ധോക്തി- Oxymoron) നടന്നിട്ടുള്ളത് പാരീസിലെ ഒരു പാലത്തിലാണ്‌. ലോകത്തിന്‍റെ പലഭാഗങ്ങളിലും ഇതിപ്പോള്‍ കാണാം. നഗരഭംഗിക്ക് ഹാനികരമാകും എന്ന ചിന്തയില്‍ ചില രാജ്യങ്ങള്‍ ഇതിനോടു നിഷേധാത്മകനിലപാടുകള്‍ എടുത്തിട്ടുണ്ടെങ്കിലും ചില അധികാരികള്‍ ഇതിനോടു കണ്ണടച്ചിട്ടുമുണ്ട്. ഇതിന്‍റെ പിന്നിലുള്ള ഒരു കാല്പനിക-വൈകാരികതയാണ്‌ അതിന്‍റെ കാരണം. എന്തായാലും, പാരീസിലെ ഈ ഒരു കാഴ്ച അനേകം പേരെ ആകര്‍ഷിച്ചുകൊണ്ട് ‌ഇപ്പോഴും വളരുകയും, തുടരുകയും ചെയ്യുന്നു.‍ പലരൂപത്തിലും, നിറത്തിലുമൊക്കെയായി അതങ്ങനെ തൂടരുന്നു. ചില പൂട്ടുകളില്‍ സന്ദേശങ്ങളുണ്ട്. അത്, വായിക്കാനും കഴിയും. ചിലരുടെ സന്ദേശങ്ങള്‍ പൂട്ടുകള്‍ക്കുള്ളില്‍ രഹസ്യങ്ങളായി നില കൊള്ളുന്നു.

എന്തായാലും, ഇതു പൂട്ടുന്നതും അറുക്കുന്നതും ആരും ഇതുവരെ കണ്ടിട്ടില്ല എന്നു പറയാനാണ്‌ എല്ലാവര്‍ക്കും താല്പര്യം. കാര്യങ്ങള്‍ രഹസ്യമായി ചെയ്യുന്നതു കൊണ്ടും, ഇത്തരം കാഴ്ചകളെ ചൂഴ്ന്നു നില്‍ക്കുന്ന കഥകള്‍ക്ക് അത്യാവശ്യം പൊടിപ്പും തൊങ്ങലും വേണ്ടതിനാലുമാണ്‌ ‌ നാട്ടുകാര്‍ അങ്ങനെയൊക്കെ പറഞ്ഞ് സംഗതി അമൂല്യമാക്കിത്തീര്‍ക്കുന്നത്‍.

ഞങ്ങള്‍ താമസിക്കുന്ന ബര്‍ലിംഗ്ടനിലെ, ഒണ്ടേറിയോ തടാകപ്പാല (Pier - കടല്‍‌പ്പാലത്തിനു സമാനം) ത്തിനു മേല്‍ ഈയിടെ ഏതാനും
പ്രണയപ്പൂട്ടുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടു. ഉടന്‍ തന്നെ നഗരസഭ പത്രത്തില്‍ പ്രസ്താവനയിട്ടു. ''City Has No Love For Locks!''  ചുരുക്കിപ്പറഞ്ഞാല്‍ ഒരാഴ്ചക്കുള്ളില്‍ തുറന്നു പൂട്ടുകള്‍ മാറ്റാത്തപക്ഷം നഗരസഭ അവ പൊളിച്ചു ദൂരെയെറിയുമെന്നായിരുന്നു, അജ്ഞാതപ്രണയികള്‍ക്കുള്ള മുന്നറിയിപ്പ്. പിന്നേ... അതിനല്ലേ ഞങ്ങളൊക്കെ പാതിരാത്രിയില്‍, തലയില്‍ മുണ്ടുമിട്ടു വന്ന് പ്രണയങ്ങളെ പൂട്ടിയിട്ടിരിക്കുന്നതെന്നായിരുന്നു, പ്രണയികളുടെ മനസ്സിലെ എഴുതാ‍ത്ത വരികള്‍‌! എന്തായാലും ആഴ്ചകള്‍ രണ്ടായി. പൂട്ടുകള്‍ ഇപ്പോഴും അവിടെത്തന്നെയുണ്ട്. ദൈവം പൂട്ടിയതാണെങ്കില്‍ നമ്മളായി പിരിക്കേണ്ടെന്ന് നഗരസഭ കരുതിയിട്ടുണ്ടാവുമോ? പ്രണയികളും വിചാരിച്ചിട്ടുണ്ടാവും നമ്മള്‍ മുറുക്കിയത് നമ്മളായി പിരിക്കേണ്ട എന്ന്. വേണമെങ്കില്‍ ദൈവം നഗരസഭ വഴി മുറിച്ചോട്ടെ എന്നാവും അവരും വിചാരിക്കുന്നത്. ‍ ‍പത്രങ്ങളിലാണെങ്കില്‍ അനുകൂലമായും പ്രതികൂലമായും നിരവധി കത്തുകള്‍. നഗരത്തിന്‍റെ ഭംഗിക്ക് കോട്ടം തട്ടുന്നതൊന്നും വച്ചുവാഴിക്കരുതെന്നാണ്‌ പ്രധാനമായും എതിരാളികള്‍‍ പറയുന്നത്. അതു പറയുന്നവര്‍ ക്രൂരരും സ്നേഹരഹിതരുമാണെന്നും മനസ്സില്‍ എന്നും പ്രണയവും സഹജീവിസ്നേഹവും കാത്തുസൂക്ഷിക്കുന്നവര്‍ അത് ഒരിക്കലും പറയുകയില്ലെന്നും, ലോകത്തിന്‍റെ ഗതി പോലും മാറ്റിയൊഴുക്കിയത്  അക്കൂട്ടരാണെന്നും പ്രണയാതുരരുടെ സഹയാത്രികര്‍ പറയുന്നു.  

രണ്ടാം ലോകയുദ്ധക്കാലത്ത് നാദ എന്നു പേരുള്ള ഒരു സെര്‍ബിയന്‍ അദ്ധ്യാപിക റെലിയ എന്ന പട്ടാള ഓഫീസറുമായി‍ പ്രണയത്തിലായി. യുദ്ധകാലത്ത് സെര്‍ബിയ വിട്ട് ഗ്രീസിലേയ്ക്ക് പോകേണ്ടി വന്ന റെലിയയെക്കുറിച്ച് കുറച്ചുകാലത്തേയ്ക്ക് വിവരങ്ങളൊന്നുമില്ലാതായി. മോസ്റ്റ് ല്യൂബാവിയില്‍ അവര്‍ സന്ധിച്ചിരുന്ന പാലത്തില്‍ അവര്‍ എന്നും വന്നു നില്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. റെലിയ ഗ്രീസില്‍ വച്ച് കോര്‍ഫു എന്നു പേരുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇതറിഞ്ഞ് നാദ ഹൃദയം പൊട്ടി മരിച്ചു. ഇതിനുശേഷമാണെന്നു പറയപ്പെടുന്നു ആ പാലത്തില്‍ പ്രണയത്താഴുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ഇന്നും ആ സ്ഥലം കമിതാക്കളുടെ കേന്ദ്രമാണ്‌; പ്രണയപ്പൂട്ടുകളുടേയും.

മോസ്ക്കോയിലെ വോദൂത്‌വോദ്നി കനാല്‍‌പ്പാലത്തിലെ ഇരുമ്പുമരം നിറയെ പ്രണയപ്പൂട്ടിന്‍റെ ഭാരമുള്ള ഇലകളാണ്‌. യൂറോപ്പിലാണെങ്കില്‍ പല സ്ഥലത്തും പ്രണയത്താഴുകള്‍ കൂട്ടമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഭാവിയിലേയ്ക്കുള്ള, വര്‍ദ്ധിച്ചു വരുന്ന ആവശ്യം മുന്‍‌കൂട്ടി കണ്ടാവും ഇപ്പോള്‍ വിനോദയാത്രാകേന്ദ്രങ്ങളില്‍ അവയ്ക്കായുള്ള കടകളുമുണ്ട്.

ഒരുകാലത്ത്, പ്രണയമന്ത്രങ്ങളെഴുതിച്ചേര്‍ത്ത ഉറുക്കുകളും തകിടുകളും നമ്മുടെ നാട്ടിലും പ്രചാരത്തിലുണ്ടായിരുന്നല്ലോ. ഇപ്പോഴും അത് തീര്‍ത്തും അപ്രത്യക്ഷമായെന്നു പറയാന്‍ വയ്യ. യാത്രകളില്‍  ഇത്തരം പ്രണയനൂലുകളും വേഷ്ടികളുമണിഞ്ഞ മരങ്ങളെ പല സ്ഥലത്തും കണ്ട ഓര്‍മ്മകള്‍.

അക്ഷയതൃതീയ പോലെ, വാലന്‍റൈന്‍ സമ്മാനങ്ങള്‍ പോലെ കേരളത്തിനും നല്ല സാദ്ധ്യതകളുള്ള ഒരു വിപണിയായിരിക്കും പ്രണയത്താഴുകള്‍. നമ്മുടെ പാലങ്ങളും മരങ്ങളും അനേകരുടെ പ്രണയസ്മാരകങ്ങളണിഞ്ഞ് നമ്രശിരസ്ക്കരാവുന്നതും, അത് പൊളിച്ചു കിട്ടാന്‍ പാടു പെടുന്ന രക്ഷകര്‍‌‍ത്താക്കളും‍ എന്‍റെ മനസ്സിലൂടെ ചലനചിത്രങ്ങളായി കടന്നു വരുന്നു.‍        




Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്