ട്വിക്സ്റ്റ് - വിഷാദാത്മകതയോടെ സംവിധായകനും



- സുരേഷ് നെല്ലിക്കോട്

സ്വന്തം ചിത്രത്തിലെ അതിദാരുണമായ ബോട്ടപകടത്തെക്കുറിച്ച് പറയുമ്പോള്‍
അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഏതാനും നിമിഷങ്ങളിലേയ്ക്ക് ശബ്ദം വിതുമ്പിപ്പോയി.

വാല്‍ കില്‍മെര്‍ അവതരിപ്പിച്ച കഥാപാത്രം, ബോട്ടപകടത്തില്‍ മരിക്കുന്ന മകളെക്കുറിച്ചുള്ള വേദനകളേറ്റുവാങ്ങി സ്വയം കുറ്റാരോപിതനാവുന്നതുപോലെ, ചലച്ചിത്രരംഗത്തെ അതികായനായ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയും, 1986 ല്‍ തന്‍റെ മകന്‍ ജിയോയുടെ മരണത്തിനിടയായ അപകടത്തിന്‌ പരോക്ഷമായി താനും ഉത്തരവാദിയായിരുന്നെന്ന് സ്ഥാപിക്കുകയായിരുന്നു. അതിന്‍റെ ന്യായമാണെങ്കിലോ ഒരച്ഛനുമാത്രം മനസ്സിലാകുന്നതും! മകന്‍ വിളിച്ചിട്ടും പോകാതിരുന്ന ഒരച്ഛന്‍, താന്‍ അവന്‍റെകൂടെയുണ്ടായിരുന്നെങ്കില്‍ ആ അപകടം ഒഴിവാക്കാമായിരുന്നു എന്ന് സ്വയം കുറ്റപ്പെടുത്തുന്നു. 'ഗോഡ്ഫാദറും', 'അപ്പോകാലിപ്സ് നൗ'വുമൊക്കെ ഒരുക്കിയ അതിപ്രശസ്തനായ ഒരു ചലച്ചിത്രകാരനെ ഇത്തരം ഒരു മിഥ്യാബോധത്തിന്‍റെ തടവുകാരനാക്കിയത് അദ്ദേഹത്തിന്‍റെയുള്ളിലെ സ്നേഹമയനായ പിതാവ് മാത്രമായിരുന്നു.

രംഗം: മുപ്പ ത്താറാമത് ടൊറോന്‍റോ അന്താരാഷ്ട്ര മേളയിലെ കപ്പോള ചിത്രമായ 'ട്വിക്സ്റ്റ്' ന്‍റെ പ്രദര്‍ശനത്തിനു ശേഷമുള്ള ചര്‍ച്ചാവേദി. സെപ്റ്റംബര്‍ പന്ത്രണ്ട് തിങ്കള്‍.

അതിദാരുണമായിരുന്നു, ജിയോയുടെ അന്ത്യം. പ്രശസ്തനടന്‍ റയന്‍ ഒനീലിന്‍റെ മകനും നടനുമായ ഗ്രിഫിനോടൊപ്പം ജലകേളികള്‍ക്കായി ഇറങ്ങിത്തിരിച്ചതായിരുന്നു, ജിയോ. മറ്റ് രണ്ട് ബോട്ടുകള്‍ക്കിടയിലൂടെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ച ഗ്രിഫിന്‍ പെട്ടെന്നാണ്‌ കണ്ടത്, ഒന്ന് മറ്റേതിനെ കെട്ടി വലിക്കുകയാണെന്നും, അവയ്ക്കിടയില്‍ ഒരു കമ്പിക്കയര്‍ ഉണ്ടെന്നും. ജിയോയ്ക്ക് അപായസൂചന കൊടുക്കുന്നതിനൊപ്പം ഗ്രിഫിന്‍ തലതാഴ്ത്തി. പക്ഷേ, ഒരു നിമിഷത്തിന്‍റെ വ്യത്യാസം. അത് ജിയോയുടെ തല അറുത്തിരുന്നു.

''എന്‍റെ ചിത്രങ്ങളെല്ലാം ഇനി തികച്ചും വ്യക്തിഗതങ്ങളായിരിക്കും'' കപ്പോള പറഞ്ഞു. 'ടെട്രോ'യില്‍ മൂത്ത സഹോദരനുമായുള്ള ബന്ധത്തിന്‍റെ പുനര്‍നിര്‍ ണ്ണയങ്ങളായിരുന്നെങ്കില്‍ 'ട്വിക് സ്റ്റി'ല്‍ ഒരു പിതാവിന്‍റെ വേദനകളാണ്‌ അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൊലപാതകരഹസ്യമാണ്‌, ഗോഥിക് ഹൊറര്‍ ചിത്രമായ 'ട്വിക്സ്റ്റി'ന്‍റെ കഥാ തന്തു. മകന്‌ സംഭവിച്ചതു പോലെയുള്ള ഒരു ബോട്ടപകടം അപ്പാടെ ചിത്രീകരിച്ചിട്ടുണ്ട് ഈ ചിത്രത്തിലും.

''ഈ സെപ്റ്റംബര്‍ പതിനേഴിന്‌ ജിയോയ്ക്ക് നാല്പത്തെട്ട് വയസ്സു തികയുമായിരുന്നു'' - സംസാരത്തിനിടയില്‍ അമേരിക്കന്‍ ചലച്ചിത്രരംഗത്തെ 72 കാരനായ ആ അതികായന്‍ വിതുമ്പി.

നിര്‍മ്മാണ- സംവിധാനരംഗങ്ങളില്‍ ഒരു കൈത്താങ്ങായി പ്രവര്‍ത്തിച്ചുവരുമ്പോഴായിരുന്നു, കപ്പോളയ്ക്ക് മകനെ നഷ്ടപ്പെടുന്നത്. 'ഗോഡ്ഫാദര്‍' പോലുള്ള ചിത്രങ്ങളുടെ നിര്‍മ്മാണങ്ങളില്‍ താല്പര്യമില്ലാതായ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയെ പുത്രദു:ഖം അങ്ങേയറ്റം മാനസികമായി ശുഷ്ക്കിപ്പിച്ചിരിക്കുന്നു എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

***

Comments

നല്ല അവലോകനമായിട്ടുണ്ട് കേട്ടൊ ഭായ്

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്